കളറിങ് പെന്‍സില്‍ വിഴുങ്ങി; ആറു വയസ്സുകാരന്‍റെ ജീവന്‍ രക്ഷിച്ചത് അധ്യാപകരുടെ സമയോചിത ഇടപെടല്‍

  • 25/08/2022

മലപ്പുറം: കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി അധ്യാപകര്‍. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. 

ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് പെന്‍സില്‍ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണ് പ്രണവ് നിര്‍ത്താതെ  ചുമയ്ക്കുന്ന കാര്യം അധ്യാപികയായ കെ ഷിബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തി. ഇതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി ഉടന്‍ കൃത്രിമശ്വാസം നല്‍കുകയായിരുന്നു.  

സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ അടുത്തുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ എ ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി താരാനാഥ്, ബിനോയ് എന്നിവര്‍ കൃത്രിമശ്വാസം നല്‍കുന്നത് തുടര്‍ന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. 
 

Related News