സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം: ആര്‍.എസ്.എസ്സെന്ന് സി.പി.എം

  • 27/08/2022

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണം. കല്ലേറില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേര്‍ കല്ലെറിഞ്ഞുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന് പിന്നില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. 

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് പാര്‍ട്ടിയുടെ മറ്റൊരു ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടുമില്ല. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ എസ്എഫ്ഐ - എബിവിപി സംഘര്‍ഷം പിന്നീട് സിപിഎം-ബിജെപി സംഘര്‍ഷമായി മാറിയിരുന്നു. എബിവിപി സംസ്ഥാന ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നേരെ ആക്രമണം ഉണ്ടായി എന്ന ആക്ഷേപവുമുണ്ടായിരുന്നു. എല്‍ഡിഎഫ് ജാഥയ്ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയെന്നും അപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണിതെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് നിരന്തരം സിപിഎം ഓഫീസുകള്‍ ആക്രമിക്കുന്നതിന് പിന്നിലെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.

Related News