ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയിലേക്ക്

  • 27/08/2022

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതിന് തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ മോഹന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് ഹര്‍ജി. മോഹന്‍ ലാലിനെതിരായ കേസ് തുടരാമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇത് റദ്ദാക്കണമെന്നാണ് ലാല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയിലുണ്ട്. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് കാണിച്ച് വനംവകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ കാര്യത്തില്‍ വനം വകുപ്പ് മോഹന്‍ലാലിനെതിരെ കടുത്ത നിലപാട് എടുത്തിരുന്നു.

 



Related News