കോഴിക്കോടും കണ്ണൂരും മലവെള്ളപ്പാച്ചില്‍

  • 27/08/2022

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയില്‍ മലവെള്ളപ്പാച്ചില്‍. കണ്ണൂരില്‍ മാനന്തവാടി-നെടുംപൊയില്‍ റോഡില്‍ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചില്‍.


കണ്ണൂര്‍ നെടുംപെയിലിന് സമീപം ഉരുള്‍ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തില്‍ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മാനന്തവാടി ചുരം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഇതേ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. വീണ്ടും ഉരുള്‍പൊട്ടന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
മാനന്തവാടി-നെടുംപൊയില്‍ റോഡില്‍ സെമിനാരി വില്ലയ്ക്കടുത്ത് ഉരുള്‍പൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായതോടെ പാതയുടെ ഭാഗങ്ങളില്‍ ബസുകള്‍, ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വൈകിട്ടോടെ കല്ലും മണ്ണും നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെ, ഓഗസ്റ്റ് ആദ്യവാരം പാതയില്‍ പലയിടത്തും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Related News