സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കുട്ടികളെ സുരക്ഷിതരാക്കി, ഡ്രൈവര്‍ മരിച്ചു

  • 27/08/2022

ആലപ്പുഴ: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്‍ക്കിഴക്കതില്‍ രമേശനാണ്(60) മരിച്ചത്. 

മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷിതരാക്കിയ ശേഷമാണ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങിയത്. കന്നുകാലിപ്പാലം വട്ടുമുക്കിനു സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു മിനി ബസ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തുകയായിരുന്നു. പിന്നാലെ സീറ്റിലേക്ക് ചരിഞ്ഞു വീണു. 

ഇതുകണ്ട ബസിലെ ആയ വിജയലക്ഷ്മി പുറത്തിറങ്ങി ബഹളം വച്ചു. ഇതോടെ നാട്ടുകാരെത്തി കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാര്യ: ഷീജ. മക്കള്‍: രഞ്ജിത്ത്, ആദിത്യ. മരുമകള്‍: ജ്യോതി.

Related News