സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല; സുപ്രധാന തീരുമാനങ്ങള്‍ ഇന്നറിയാം

  • 28/08/2022

ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമോ എന്നതില്‍ ഇന്ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനം എടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സര്‍ക്കാരിനെ വട്ടം കറക്കുന്ന ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.


സംഘടന രാഷ്ട്രീയ കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് അടിയന്തര നേതൃയോഗം സിപിഐ എം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. രാവിലെ ചേരുന്ന അവൈലബിള്‍ പി ബി യോഗം വിഷയം ചര്‍ച്ച ചെയ്യും. അതിനു ശേഷമായിരിക്കും സെക്രട്ടറിയറ്റ് പരിഗണിക്കുക. ഉച്ചക്ക് ശേഷവും നാളെയുമായി സംസ്ഥാന സമിതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. കോടിയേരിയെ പൂര്‍ണ്ണമായി മാറ്റുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അത്യാവശ്യമെങ്കില്‍ നിശ്ചിതകാലം അവധി നല്‍കാം എന്നതാണ് നിലപാട്. പാര്‍ട്ടി കര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കിയേക്കും. എ വിജയരാഘവന്‍, എം എ ബേബി, എ. കെ.ബാലന്‍, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന യോഗം അയത് കൊണ്ട് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി സെക്രട്ടറി പദവിയില്‍ നിന്നു പൂര്‍ണമായി ഒഴിഞ്ഞാല്‍ ഭരണ തലത്തിലടക്കം മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ ഗവര്‍ണ്ണറുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇതുവരെ പ്രതിഷേധ പ്രതികരണങ്ങള്‍ മാത്രം നടത്തിയ പാര്‍ട്ടി പ്രത്യക്ഷ സമരപരിപാടികളിലേക്ക് അടക്കം നീങ്ങാനുള്ള തീരുമാനവും യോഗം എടുത്തേക്കും.

Related News