സര്‍വകലാശാല ബില്ലില്‍ വീണ്ടും മാറ്റംവരുത്താന്‍ സര്‍ക്കാര്‍

  • 28/08/2022

തിരുവനന്തപുരം: ഗവര്‍ണരുടെ എതിര്‍പ്പ് മറികടക്കാന്‍ സര്‍വകലാശാല ബില്ലില്‍ വീണ്ടും മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനു പകരം കൗണ്‍സിലിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. കൗണ്‍സില്‍ വൈസ് ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നത് യുജിസി നിയമത്തിന് വിരുദ്ധമാണെന്ന അഭിപ്രായം ഗവര്‍ണര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.ഗവര്‍ണറുടെ എതിര്‍പ്പ് മുന്നില്‍കണ്ടാണ് സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

നിയമസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് സബ്ജക്ട് കമ്മിറ്റി പരിഗണിക്കുകയും ചെയ്ത ബില്ലില്‍ വീണ്ടും ഭേദഗതി കൊണ്ടുവരുന്നത് അപൂര്‍വ്വമാണ്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച് കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നത് യുജിസി ചട്ടത്തിനു വിരുദ്ധമാണെന്ന വിമര്‍ശനം ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. സര്‍വകലാശാലയുമായി നേരിട്ട് ബന്ധമുള്ളവര്‍ സേര്‍ച് കമ്മിറ്റിയില്‍ പാടില്ലെന്നാണ് യുജിസി നിയമം പറയുന്നത്.വൈസ് ചെര്‍മാന് പകരം ഒരു അംഗത്തെ ഉള്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഇപ്പോള്‍ ഡോ.രാജന്‍ഗുരുക്കളാണ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയില്‍ ഗവര്‍ണര്‍ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. സംസ്‌കൃത സര്‍വകലാശാലാ വിസി നിയമനത്തിനു രാജന്‍ ഗുരുക്കള്‍ ഉള്‍പ്പെട്ട സെര്‍ച് കമ്മിറ്റി, ഒരു പേരു മാത്രം സമര്‍പ്പിച്ചത് ഗവര്‍ണരെ ചൊടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ രണ്ടുമാസമാണ് ഫയല്‍ പിടിച്ചു വെച്ചത്. നിയമം നിലവില്‍ വന്നാല്‍ വിസി നിയമന സെര്‍ച് കമ്മിറ്റിയിലെ ഭൂരിപക്ഷം നല്‍കുന്ന പാനല്‍ ഔദ്യോഗികപാനലായി ഗവര്‍ണര്‍ക്ക് മുന്നിലെത്തും. ഗവര്‍ണരുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ലിലെ ഈ വ്യവസ്ഥ. ഇതു കൂടി ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും. ഒന്നാം തീതിയാണ് ബില്‍വീണ്ടും സഭക്കു മുന്നിലെത്തുന്നത്.

Related News