തൊടുപുഴയില്‍ ഉരുള്‍പൊട്ടി മൂന്ന് പേര്‍ മരിച്ചു; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

  • 29/08/2022

ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.


കാണാതായ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ചിറ്റടിച്ചാല്‍ സോമന്റെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ആദിദേവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. . തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ മൂന്നിനും 3.30 നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റവന്യുമന്ത്രി കെ.രാജനും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശവാസികളെ കുടയത്തൂര്‍ സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


Related News