കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കും

  • 30/08/2022

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള ഒരാള്‍ക്ക് സാധ്യത തെളിയുന്നത്. ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദത്തോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്നുള്ള വാര്‍ത്തകള്‍ തള്ളിയില്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണെന്നുംസോണിയ ഗാന്ധിയുടെ ചുമലില്‍ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്നും തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും പറഞ്ഞ തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാള്‍ വരട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിന്റെ മറുപടി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാര്‍ട്ടി എന്ന വിമര്‍ശനം ശക്തമാകുമെന്നതിനാല്‍ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തരൂര്‍ മത്സരിക്കുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഗുലാം നബി ആസാദും പ്രതികരിച്ചത്.

Related News