ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ നിര്‍ദേശം

  • 30/08/2022

തിരുവനന്തപുരം: ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്ന് മന്ത്രി വീണ ജോര്‍ജിന് നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശം. ഉപ ചോദ്യങ്ങള്‍ക്ക് അവ്യക്തവും ഒരു പോലുള്ളതുമായ മറുപടി നല്‍കുന്നത് ശരിയല്ലെന്നും ഇത് ആവര്‍ത്തിക്കരുതെന്നും വീണാ ജോര്‍ജിനെ സ്പീക്കര്‍ താക്കീത് ചെയ്തു. 

വണ്ടൂര്‍ എംഎല്‍എ എ പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ എം ബി രാജേഷിന്റെ നടപടി. പിപി ഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നല്‍കാത്തതാണ് പരാതിക്ക് കാരണം.
കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേന്‍ നടത്തിയ പിപിഇ കിറ്റ് പര്‍ച്ചേഴ്സില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് നല്‍കിയത് എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വിഷയത്തില്‍ ആരോഗ്യമന്ത്രി മനപൂര്‍വം മറുപടി ഒഴിവാക്കി വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

'പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കും.' മുഖ്യമന്ത്രി പറഞ്ഞു.



Related News