ഹണി ട്രാപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമം; സോഷ്യല്‍ മീഡിയ താരങ്ങളായ ദമ്പതികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റില്‍

  • 30/08/2022

വ്യവസായിയെ ഹണി ട്രാപ്പില്‍ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഫോളോവേഴ്സിനെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

കേസിലെ പ്രതിയായ ദേവുവിനെ മുന്‍നിര്‍ത്തി ശരത്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിന് വേണ്ടി വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും സംഘം ഉപയോഗിച്ചു. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കമിടുക. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടർന്നു. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ദേവുവിന്റെ നിര്‍ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് എത്തിയ ഇയാളെ പല തടസങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു. സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയെ കൊണ്ട് സംഘം പുറപ്പെട്ടു. 

പ്രാഥമികാവശ്യത്തിനാണെന്ന് പറഞ്ഞ് വഴിയില്‍ ഇറങ്ങിയ വ്യവസായി സംഘത്തിന്‍റെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തെന്നും പോലീസ് പറയുന്നു.

Related News