എട്ടു വര്‍ഷത്തെ പ്രണയം, വിവാഹ നിശ്ചയം കഴിഞ്ഞു, പിന്നീട് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരന്‍ അറസ്റ്റിൽ

  • 30/08/2022

മലപ്പുറം: വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനും വിവാഹ നിശ്ചയത്തിനും ശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പ്രതിശ്രുത വരന്‍ അറസ്റ്റിൽ. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് പ്രതിശ്രുത വരന്‍ കൈതമണ്ണിൽ അശ്വിനെ(26) അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. 

കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുതവരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.

മന്യയും അശ്വിനും തമ്മിൽ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ മന്യയുമായി ഫോണിൽ സംസാരിച്ച് തെറ്റിപ്പിരിഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. വിവാഹത്തിൽ നിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ മന്യയെ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പിന്നീട് റിമാൻഡ് ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയോ ചെയ്യുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക).
 

Related News