മന്ത്രിയുടെ മിന്നല്‍ പരിശോധനക്ക് പിന്നാലെ അസി. എഞ്ചിനീയറെ സ്ഥലം മാറ്റി

  • 31/08/2022

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് സ്ഥലമാറ്റം. പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെയാണ് സ്ഥലം മാറ്റിയത്. പൂജപ്പുര അസി. എഞ്ചിനിയര്‍ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. 

അസി.എഞ്ചിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം. തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം അസി.എഞ്ചിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസില്‍ ജീവനക്കാര്‍ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരിശോധന. ഒരു അസി.എഞ്ചിയര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. രണ്ട് ജീവനക്കാര്‍ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍ ഉണ്ടായിരുന്നത്. അസി. എഞ്ചിനിയറും, ഓവര്‍ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാര്‍ അറിയിച്ചുവെങ്കിലും രേഖകളൊന്നും തന്നെ ഓഫീസിലില്ലെന്ന് മന്ത്രിക്ക് വ്യക്തമായി. അറ്റഡന്റസ് ബുക്കോ, മൂവ് മെന്റ് രജിസ്റ്ററോ ഹാജരാകാത്തതിനെ തുടര്‍ന്ന് ചീഫ് എഞ്ചിനിയറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Related News