എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭിന്നത രൂക്ഷമാകുന്നു

  • 31/08/2022

കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ എന്‍സിപിയില്‍ ചേരിതിരിവ് രൂക്ഷമായി. പി.സി.ചാക്കോയ്‌ക്കെതിരെ എതിര്‍പക്ഷ സ്ഥാനാര്‍ഥിയായി തോമസ് കെ.തോമസ് എംഎല്‍എ മല്‍സരിച്ചേക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍, തോമസ് കെ. തോമസ് എംഎല്‍എ, പി സി ചാക്കോ, ടി.പി പീതാംബരന്‍ എന്നിവരെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

പി.സി ചാക്കോ സംഘടനാ തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുപ്പെടുമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എതിര്‍പ്പ് രൂക്ഷമായത്. മന്ത്രി എ.കെ,ശശീന്ദ്രന്‍ പക്ഷം ഒപ്പമുണ്ടായിരുന്നെങ്കിലും ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോക്ക് ശക്തമായ തിരിച്ചടി നേരിട്ടു.കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ പിസിചാക്കോ വിഭാഗം പരാജയപ്പെട്ടു. കൊല്ലം ജില്ലയിലാകട്ടെ ചാക്കോ നിര്‍ദേശിച്ച ആളെ പ്രസിഡന്റാക്കാനും കഴിഞ്ഞില്ല. മറ്റുള്ള ജില്ലകളില്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ സഹായത്തോടെയാണ് വിജയിച്ചത്. ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ പി.സി ചാക്കോയ്‌ക്കെതിരെ തോമസ് കെ തോമസ് എംഎല്‍എ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാമെന്ന ധാരണ അട്ടിമറിക്കാനാണ് മന്ത്രി ശശീന്ദ്രന്‍ ചാക്കോയുമായി ചേര്‍ന്നതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ശശീന്ദ്രനൊപ്പം നില്‍ക്കുന്നവരില്‍ ഒരുവിഭാഗം ചാക്കോയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. 

അതിനിടെ മന്ത്രി ശശീന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്നനിലയില്‍ സര്‍ക്കാര്‍ശമ്പളം വാങ്ങി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബിജു ആബേല്‍ ജേക്കബിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കി. പിസി ചാക്കോയുമായി തെറ്റിയതിനെതുടര്‍ന്നാണ് ബിജുവിനെ ഒഴിവാക്കിയത്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സമിതിയിലേക്ക് ബിജു ആബേല്‍ അങ്കമാലിയില്‍ നിന്നും വിജയിച്ചു. പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ, ടിപി പീതാംബരന്‍ എന്നിവരെ ശരദ്പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരുമായി പവാര്‍, പ്രഫുല്‍പാട്ടേല്‍ എന്നിവര്‍ ഇന്ന് ചര്‍ച്ച നടത്തും

Related News