പോലീസ് ആണെന്ന വ്യാജേന വാഹന പരിശോധന നടത്തും, ഉപദേശിച്ച് വിടും; യുവാവ് അറസ്റ്റില്‍

  • 31/08/2022

കണ്ണൂര്‍: പരിയാരം പോലീസ് ഇന്‍സ്‌പെക്ടറാണെന്ന വ്യാജേന വാഹന പരിശോധന നടത്തിവന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷ് (40) ആണ് പരിയാരം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പോലീസ് വേഷത്തിൽ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹന പരിശോധനയും ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു. വൈകിട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. പയ്യന്നൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറാണ് ജഗദീഷ്. പോലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത്. പരിശോധനാസമയത്ത് കോട്ട് അഴിച്ചുമാറ്റും. 

നിലവില്‍ പരിയാരം സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലരാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നാടകത്തില്‍ ഉപയോഗിക്കാനാണെന്ന വ്യാജേന പയ്യന്നൂരിലെ ഒരു തയ്യല്‍ക്കടയില്‍ നിന്നാണ് ജഗദീഷ് യൂണിഫോം തയ്പ്പിച്ച് വാങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.  

Related News