വിദേശത്ത് നിന്ന് സ്പൂഫിങ് വഴി നമ്പര്‍ മാറ്റി ഉന്നതരെ വിളിച്ച് അസഭ്യം പറയും; ഒടുവില്‍ യുവാവ് പിടിയില്‍

  • 31/08/2022

കാസര്‍കോട്: വിദേശത്ത് നിന്ന് സ്പൂഫിങ് വഴി ഫോണ്‍നമ്പര്‍ മാറ്റി ഉന്നതരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം മരത്തന്‍ക്കോട് സ്വദേശിയും സാമൂഹികമാധ്യമങ്ങളില്‍ 'മാര്‍ലി' എന്ന വിളിപ്പേരുള്ള ഹബീബ് റഹ്‌മാനെ (29) ആണ് കാസര്‍കോട് ടൗണ്‍ പോലീസിന്‍റെ പിടിയിലായത്.

ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി. സൗദി അറേബ്യയിൽനിന്നാണ് ഇയാൾ വിളിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘മാർലി’ എന്ന പേരിലുള്ള ഇയാള്‍ വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹ വിരുദ്ധപ്രവർത്തനങ്ങൾ പ്രചരിപ്പിക്കും. 

തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഈ നമ്പർ ഉപയോഗിച്ചാണ് ഉന്നതരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. 'ഇന്‍ഡി കോള്‍' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്നാണ് ഇയാള്‍ അസഭ്യവിളി നടത്തിയിരുന്നത്. 

ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നിരീക്ഷിച്ചിരുന്ന സൈബര്‍ പോലീസ് പ്രതി നാട്ടില്‍ എത്തുന്ന വിവരം മനസ്സിലാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related News