കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആക്രമണം ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറിയുടെ നേതൃത്വത്തില്‍

  • 01/09/2022

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തില്‍ ആണെന്ന് കണ്ടെത്തി. ഇയാള്‍ ഉള്‍പ്പെടെ എട്ട് അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉണ്ട്.

ഇന്നലെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Related News