ലോകായുക്ത ഭേദഗതി ബില്ലില്‍ നിയമോപദേശം തേടാന്‍ രാജ്ഭവന്‍

  • 01/09/2022

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഉള്‍പ്പെടുന്ന നിയമം ഗവര്‍ണര്‍ ഉടനടി അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിബില്‍ ഉടന്‍തന്നെ അംഗീകാരത്തിനായി ഗവര്‍ണര്‍ക്കു മുമ്പാകെയെത്തും. ഗവര്‍ണര്‍ അംഗീകരിച്ചാലേ നിയമഭേദഗതി നിലവില്‍ വരൂ.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ തത്സ്ഥാനം രാജിവെക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഭേദഗതി ചെയ്തത്. ലോകായുക്തയുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും എം.എല്‍.എ.മാര്‍ക്കെതിരാണെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാന്‍ അധികാരം കൊടുക്കുന്നതാണ് പ്രധാന ഭേദഗതി. അര്‍ധ ജുഡീഷ്യല്‍ സംവിധാനമെന്ന പദവിയുള്ള ലോകായുക്തയുടെ തീര്‍പ്പ് നിയമസഭയോ മുഖ്യമന്ത്രിയോ അധികാരിയായി (കോമ്പീറ്റന്റ് അതോറിറ്റി) വരുന്നത് നിയമസംവിധാനമെന്ന തത്ത്വത്തിന് എതിരാകുമോയെന്നാണ് ഗവര്‍ണര്‍ ആരായുന്നത്. ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായസംവിധാനത്തില്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീര്‍പ്പിലുള്ള അപ്പീല്‍ അധികാരം അതിനുമേലെയുള്ള ജുഡീഷ്യല്‍ സംവിധാനംതന്നെയാണെന്നാണ് വിലയിരുത്തല്‍.ബില്‍ തത്കാലം രാഷ്ട്രപതിക്ക് അയക്കില്ലെന്നും സൂചനയുണ്ട്. ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. താന്‍ ഒരിക്കല്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് നിയമമാക്കുമ്പോള്‍ രാഷ്ട്രപതിക്കയക്കുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍നിന്ന് വീണ്ടും മാറ്റങ്ങള്‍വരുത്തുകയും ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാന്‍ നിയമസഭയെയും സ്പീക്കറെയും അധികാരപ്പെടുത്തുന്ന വ്യവസ്ഥകള്‍ അധികമായി ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ വേണമെന്ന അഭിപ്രായമാണ് രാജ്ഭവനുള്ളത്.ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് ഭരണഘടന കാലപരിധി നിഷ്‌കര്‍ഷിക്കുന്നില്ല.

Related News