മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ ഒരേക്കര്‍ റബ്ബര്‍ തോട്ടം ഒലിച്ചുപോയി

  • 02/09/2022

മലപ്പുറം: ആനക്കയം പന്തല്ലൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരേക്കറിലേറെ വരുന്ന റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്. ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഇവിടെ ഒഴിവായത്. 

ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ മഴ ശക്തമാകുന്നതിന്റെ കാരണം.

Related News