നിയമസഭയിലെ കയ്യാങ്കളി; വിചാചരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

  • 02/09/2022

കൊച്ചി: നിയസഭാ കയ്യങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. കേസില്‍ വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് കേസില്‍നിന്ന് ഒഴിവാകാന്‍ ശ്രമിക്കരുതെന്നും കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 14ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.


മന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യവും അംഗീകരിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തയ്യാറായില്ല.

Related News