വിജിലന്‍സിന്റെ മിന്നല്‍ ഓപറേഷനില്‍ കുടുങ്ങി എം.വി.ഡി ഉദ്യോഗസ്ഥര്‍

  • 03/09/2022

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ജാസൂസ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കുന്ന വമ്പന്‍ കൈക്കൂലി ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഏജന്റുമാര്‍ മുഖേന യുപിഐ സംവിധാനങ്ങളായ ഗൂഗിള്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചു.


ഏജന്റുമാരില്‍ നിന്നും,ഇവരുടെ വാഹനങ്ങളില്‍ നിന്നും അന്വേഷണ സംഘം പണം പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കന്നതായായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷന്‍ ജാസൂസ്' എന്ന് പേരിട്ട് വിജിലന്‍സ് ഇന്നലെ വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്.

സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.  വാഹനസംബന്ധമായ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിനേക്കാള്‍ കൂടുതല്‍  തുക ഏജന്റുമാര്‍ ഈടാക്കുന്നു. ഉദ്യോഗസര്‍ക്ക് തിരിച്ചറിയാനായി അപേക്ഷകളില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നതായും കണ്ടെത്തി.മൂവാറ്റുപുഴയില്‍ എം.വി.ഐയുടെ പക്കല്‍ നിന്നും സ്വന്തം പേരിലല്ലാത്ത 5 എ.റ്റി.എം കാര്‍ഡുകള്‍ പിടിച്ചെടുത്തു.
കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.

നെടുമങ്ങാട് ആര്‍ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ടി ഓഫീസില്‍ നില്‍ക്കുകയായിരുന്ന ഏജന്റില്‍ നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആര്‍ ടി ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.


Related News