ആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് രണ്ട് കപ്പലുകള്‍ വാഗ്ദാനം ചെയ്ത് അമിത് ഷാ

  • 04/09/2022

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനാവശ്യത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സഹകരണവകുപ്പ് മന്ത്രികൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനുള്ള പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദര്‍ശിക്കേ, അമിത്ഷാ മത്സ്യഫെഡിന് നിര്‍ദേശം നല്‍കി. മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന വലനിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേയാണ് അമിത്ഷാ ചില പദ്ധതിനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയത്. പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജനയില്‍ പെടുത്തി ഒന്നരക്കോടി വിലവരുന്ന പത്ത് മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു.


അതിലും വലിയ, മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള കപ്പലുകള്‍ വാങ്ങാനുള്ള പദ്ധതിനിര്‍ദേശം നല്‍കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍സിഡിസി അനുവദിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കുമെന്നും അമിത് ഷാ അറിയിച്ചു.

മത്സ്യഫെഡിന്റെ ഫാമുകളില്‍ ടൂറിസം വികസനത്തിനുള്ള പദ്ധതിയിലും അമിത് ഷാ താല്‍പര്യം പ്രകടിപ്പിച്ചു. മുട്ടത്തറയിലുള്ളതുപോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Related News