കുഞ്ഞു വേണമെന്നാവശ്യപ്പെട്ടതിന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജാമ്യം

  • 04/09/2022

കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷം ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അരുണിന് (29) ജാമ്യം അനുവദിച്ചത്.  

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു. 2020 ഒക്ടോബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 

വിവാഹ ശേഷം ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കി. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബറിലായിരുന്നു സംഭവം ഉണ്ടായത്. അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി.

 ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെക്കുകയായിരുന്നു.

Related News