എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പില്‍ തീരുമാനമായില്ല

  • 06/09/2022

തിരുവനന്തപുരം. സ്പീക്കര്‍ പദവി രാജി വെച്ച എം.ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.സ്പീക്കര്‍ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം.വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം ബി രാജേഷ് സത്യപ്രതിജ്ഞ ചടങ്ങിന് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.സ്പീക്കറായിരുന്നപ്പോള്‍ നീതിയുക്തമായി പ്രവര്‍ത്തിച്ചു. മന്ത്രിയാകുമ്പോഴും നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തിയത്.

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.

Related News