മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  • 06/09/2022

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസില്‍ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. 

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങും എന്നാണ് വിവരം.അതിനിടെ, കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് പുറത്ത് വരുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്ക്കിംഗ് വിഭാഗത്തിലായിരുന്നു അരുണിന്റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം. ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഗുണ്ടാവിളയാട്ടം നടത്തിയത്. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിന് കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടുവണ്ണൂര്‍ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്.

Related News