ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക ദിനം

  • 07/09/2022

ദുബൈ: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യക്ക് മത്സരമില്ലെങ്കിലും നിര്‍ണായക ദിനം. ഫൈനല്‍ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാവും. പാകിസ്താനെതിരെ ഇന്ന് അഫ്ഗാനിസ്താന്‍ ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ. പാകിസ്താന്‍ ഈ കളി ജയിച്ചാല്‍ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയും ഏഷ്യാ കപ്പില്‍ നിന്ന് പുറത്താവും. 

സൂപ്പര്‍ ഫോറില്‍ പാകിസ്താനും ശ്രീലങ്കയും പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തുലാസിലായത്. അഫ്ഗാനിസ്താന്‍ നേരത്തെ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ട് ജയവുമായി ശ്രീലങ്ക ഫൈനല്‍ ഉറപ്പിച്ചു. ഇന്നത്തെ കളിയില്‍ പാകിസ്താനെ തോല്പിക്കാന്‍ അഫ്ഗാനിസ്താനു സാധിച്ചാല്‍ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ക്ക് ഒരു ജയം വീതമാവും. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്താനുമായി മത്സരമുണ്ട്. ഈ കളി ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ വെക്കാം. എന്നാല്‍, അപ്പോഴുമുണ്ട് പ്രശ്‌നം. പാകിസ്താന് ഇനി ശ്രീലങ്കയുമായി കളിയുണ്ട്. ആ കളി ശ്രീലങ്ക തന്നെ ജയിക്കണം. അങ്ങനെയെങ്കില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഫൈനല്‍ കളിക്കും.

Related News