10 ലക്ഷം രൂപ കടം വാങ്ങി; തിരികെ നൽകാത്തതിന് ബന്ധുവിന്‍റെ ക്വട്ടേഷന്‍, കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയി

  • 07/09/2022

കൊല്ലം: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൊല്ലം കൊട്ടിയത്ത് നിന്ന് 14 കാരനെ തട്ടികൊണ്ടുപോയി. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സിനിമയെ വെല്ലുന്ന ക്വട്ടേഷന്‍ പദ്ധതി തയ്യാറാക്കിയത്. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. തമിഴ്നാട് സംഘം കൊട്ടിയത്തെ വീട്ടിൽ നിന്ന് കുട്ടിയെ തട്ടി കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്കിന് സമീപം ഫാത്തിമ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെ ഒരു സംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ആഷിക്കിനെ പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പാറശ്ശാല കോഴിവിള ചെക്ക്‌പോസ്റ്റില്‍നിന്നാണ് കുട്ടിയെ കണ്ടെത്താനായി. ബന്ധുവായ ഫിസിയോ തെറാപ്റ്റിസാണ് കുട്ടിയ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷൻ നൽകിയത്.  ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ കൊടുത്തത്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തില്‍പ്പെട്ട ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പാറശാല പോലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പോലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. നിലവില്‍ ഒരാള്‍ മാത്രമാണ് പോലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.  

Related News