അഭിരാമിയുടെ മരണം; പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം വന്നു

  • 07/09/2022

പത്തനംതിട്ട: റാന്നി പെരുനാട് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പുണെയില്‍ നിന്നുളള പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം തലച്ചോറിനെ ബാധിച്ചിരിക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

വിഡിയോ റിപ്പോര്‍ട്ട് കാണാം.അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ വീട്ടു വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. അഭിരാമിയുടെ അനുജന്‍ അഞ്ചു വയസുകാരന്‍ കാശിനാഥനാണ് കര്‍മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. രാവിലെ ഒന്‍പതു മണിയേടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ദപ്പുഴയിലെ വീട്ടിലെത്തിച്ചത്. അതീവ ദു:ഖകരമായ അന്തരീക്ഷത്തില്‍ മകള്‍ നഷ്ടപ്പെട്ട ഹരീഷിനെയും ഭാര്യ രജനിയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പ്രയാസപ്പെട്ടു.കനത്ത മഴയെ അവഗണിച്ചും മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് അഭിരാമിയുടെ വീട്ടിലെത്തിയത്. ചടങ്ങിനിടെ കുഴഞ്ഞു വീണ ബന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.

അഭിരാമിയുടെ വീട്ടില്‍ എത്താന്‍ തയ്യാറാവാതിരുന്ന ആരോഗ്യ മന്ത്രിക്കെതിരെയും ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തി.ഓഗസ്‌റ് 13 ന് വീടിനടുത്തു വച്ച് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ മൂന്നാം തീയതിയാണ് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപ്രതിയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.

Related News