ചട്ടവിരുദ്ധ സ്ഥാനക്കയറ്റം; കണക്കെടുക്കാന്‍ ധനവകുപ്പ്

  • 08/09/2022

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ചട്ടവിരുദ്ധസ്ഥാനക്കയറ്റങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ്. നിയമം, പൊതുഭരണം എന്നീ വകുപ്പുകളിലും പി.എസ്.സിയിലും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചട്ടവിരുദ്ധമായി നടന്ന സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കി ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഉദ്യോഗസ്ഥരെ കൊണ്ട് മൂന്നുമാസത്തില്‍ കൂടുതല്‍ അവധിയെടുപ്പിച്ച് തൊട്ടുതാഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതു വഴി സര്‍ക്കാരിന് വരുന്ന അധികചെലവിന് തടയിടാന്‍ നടപടി കടുപ്പിക്കുകയാണ് ധനവകുപ്പ്. പി.എസ്.സിയില്‍ ഇത്തരത്തില്‍ നല്‍കിയ 30 സ്ഥാനക്കയറ്റങ്ങള്‍ക്ക് അനുമതി തേടിയുള്ള ഫയല്‍ എത്തിയതോടെയാണ് ഇക്കാര്യത്തില്‍ പിടിമുറുക്കാന്‍ തീരുമാനിച്ചത്. മേലുദ്യോഗസ്ഥന്‍ എടുത്ത ഒരുമാസത്തെ അവധിയുടെ പേരില്‍ പോലും കീഴുദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്ന് ഫയല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. 2020 നവംബര്‍ അഞ്ചിന് ഇത്തരം സ്ഥാനക്കയറ്റങ്ങള്‍ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്യോഗസ്ഥസമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 

പ്രാഥമിക പരിശോധനയില്‍ തന്നെ നിയമം, പൊതുഭരണം എന്നീ വകുപ്പുകളില്‍ ചട്ടംലംഘിച്ചുള്ള സ്ഥാനക്കയറ്റങ്ങള്‍ കണ്ടെത്തി.നിയമവകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കില്‍ വരെ ഇത്തരം സ്ഥാനക്കയറ്റമുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വിശദമായ പരിശോധന നടത്തുന്നതിലേക്ക് ധനവകുപ്പ് നീങ്ങുന്നത്. ഇതിന് മുന്നോടിയായാണ് 2020ലെ ഉത്തരവിന് വിരുദ്ധമായി അനുവദിച്ച എല്ലാ സ്ഥാനക്കയറ്റങ്ങളും അടിയന്തരമായി റദ്ദാക്കി അധികമായി അനുവദിച്ച ആനുകൂല്യങ്ങള്‍ തിരികെ പിടിക്കണമെന്ന് ഉത്തരവിറക്കിയത്. ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്നും ഉത്തരവ് പറയുന്നു. വരമിക്കലിന് മുന്നോടിയായുള്ള എല്‍.പി.ആര്‍ ലീവുകള്‍ക്ക് ഇത് ബാധകമല്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.

Related News