കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചെന്നൈയിലേക്ക്

  • 09/09/2022

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക് . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കാണും. ഇന്ന് പകല്‍ മുഴുവന്‍ പിണറായി വിജയന്‍ ചെന്നൈയില്‍ തങ്ങും . അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.

സി പി എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എംബി രാജേഷും എം എ ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട് . കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിളസയുടെ ഭാഗമായി തെയ്‌നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു . അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. 

കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ആദ്യം നല്‍കിയത് . സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോള്‍ സമയം നീണ്ടേക്കും.മൂന്നാമൂഴത്തില്‍ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിര്‍ത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.

Related News