ഓണാവധിക്ക് ബന്ധുവീട്ടില്‍ എത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങിമരിച്ചു

  • 10/09/2022

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങിമരിച്ചു. ഷൈനി (40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. 

ഓണം ആഘോഷിക്കാനായി ഓണാവധിക്ക് ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി വെള്ളത്തില്‍ വീണു. കുട്ടിയെ രക്ഷപ്പെടുത്താനായി അമ്മ  ഉടന്‍ തന്നെ വെള്ളത്തില്‍ ഇറങ്ങി. തുടര്‍ന്ന് രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. പിന്നീട് നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആശ്ചര്യ.  മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related News