പത്തു മാസം മുൻപ് വിവാഹം; 28കാരി തൂങ്ങി മരിച്ച നിലയിൽ

  • 11/09/2022

ഇടുക്കി: ഇടുക്കി ജില്ലയിലെ ഉപ്പുതറക്ക് സമീപം യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളകോട് പുത്തൻവീട്ടിൽ ജോബിഷിന്‍റെ ഭാര്യ ഷീജയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തു മാസം മുൻപാണ് വാഴപ്പറമ്പിൽ കുട്ടപ്പൻറെയും ചിന്നമ്മയുടെയും മകൾ ഷീജയും ജോബീഷും വിവാഹിതരായത്. ജോബീഷ് മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഭർത്താവിൻറ മാതാപിതാക്കൾ വഴക്കിടാറുണ്ടെന്നും ഷീജ സഹോദരനോട് പറഞ്ഞിരുന്നു. 

ഷീജ രണ്ടാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം വീട്ടുകാർക്കൊപ്പം ഏലപ്പാറയിലെത്തിയ ഷീജയെ ജോബിഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തിരുവോണ ദിവസം ഇരുവരും ഹെലിബറിയയിലെ വീട്ടിലെത്തിയ ശേഷം നാലു മണിയോടെ മടങ്ങി.

സംഭവം ദിവസം രാവിലെ തലേദിവസം ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്തുക്കൾ ജോബിഷിനെ വിളിച്ചിരുന്നു. ഇത് അന്വേഷിക്കാൻ പോകാനിറങ്ങിയ ജോബീഷിനെ ഷീജ വിലക്കി. എന്നാല്‍ ഇതനുസരിക്കാതെ പുറത്തു പോയ താൻ തിരികെ എത്തിയപ്പോൾ ഷീജയെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെതെന്നാണ് ജോബീഷ് പോലീസിനോട് പറഞ്ഞത്. 

എന്നാല്‍ ഭർത്താവിന്‍റെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് ഷീജയുടെ ബന്ധുക്കളുടെ ആരോപണം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News