ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞ് തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി; പാലുകൊടുക്കാൻ തയ്യാറായില്ല

  • 11/09/2022

ആലപ്പുഴ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ തുമ്പോളിയിലെ പൊന്തക്കാട്ടില്‍ നിന്നും നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രി ശേഖരിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടില്‍ കുഞ്ഞിനെ കണ്ടെത്തിയത്. 

കുഞ്ഞിനെ പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ചിരിക്കുകയാണ്. ഇതോടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പോലീസ് അന്വേഷണ റിപ്പോർട്ടും കുട്ടി പൂർണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ച ശേഷമായിരിക്കും നടപടി. 

കടപ്പുറം വനിതാ-ശിശു ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. യുവതിയിൽ നിന്നു നീക്കം ചെയ്ത പ്ലാസന്റ(മറുപിള്ള) ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരെ അടുത്ത ദിവസം ഡിസ്ചാർജു ചെയ്യും. യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവർ അതു നിഷേധിച്ചു. കുഞ്ഞിനു പാലുകൊടുക്കാൻ ആവശ്യപ്പെട്ടങ്കിലും യുവതി തയ്യാറായിട്ടില്ല. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവതി ഇവിടെ രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഇവർ തന്നെ പ്രസവിച്ചതാണ് കുഞ്ഞെന്ന് ഡോക്ടർമാർക്കു മനസ്സിലായി. എന്നാൽ യുവതി ഇക്കാര്യം നിഷേധിച്ചു. രണ്ടരക്കിലോയുള്ള സ്റ്റോൺ ഉണ്ടായിരുന്നെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്.  

യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. അതിനാല്‍ കുഞ്ഞ് യുവതിയുടേതു തന്നെയാണെന്ന നിഗനമത്തിലാണ് പോലീസ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.  

 ആക്രി പെറുക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊന്തക്കാട്ടില്‍നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് സ്ഥലത്ത് ഇവര്‍ പരിശോധന നടത്തിയപ്പോഴാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related News