രാഹുല്‍ ഗാന്ധിയെ സ്വകാര്യ ആശുപത്രിയുടെ പരസ്യത്തിന് ഉപയോഗിക്കാന്‍ ഡി.സി.സി പ്രസിഡന്റ് ശ്രമിച്ചെന്ന് ആരോപണം

  • 12/09/2022

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിപരിസരത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താതിരുന്നത് ഫണ്ട് പിരിവ് വിവാദം മൂലമെന്നാരോപണം. സ്വകാര്യ ആശുപത്രിയുടെ പരസ്യമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ഡി സി സി പ്രസിഡന്റ് പാലോട് രവി സ്വകാര്യ ആശുപത്രിയധികൃതരില്‍ നിന്ന് പണം വാങ്ങിയെന്നുള്ള പരാതി ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരുന്നു.

ആശുപത്രി കോമ്പൗണ്ടിനകത്താണ് ഉടമ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപം പണിതത്. ഇത് ഉദ്ഘാടനം ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധിയെ കൊണ്ടുവരുന്നതിന് ഡി സി സി പ്രസിഡന്റ് പണം പിരിച്ചുവെന്നാണ് ആരോപണം. ഉദ്ഘാടന പരിപാടി ആശുപത്രി സ്പോണ്‍സേര്‍ഡ് ആണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ നിന്നും പിന്‍മാറിയത്. ആശുപത്രി ഈ സ്മാരകം തങ്ങളുടെ കൊമ്പൗണ്ടില്‍ പണിതത് പരസ്യത്തിന് വേണ്ടിയാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. പണം പിരിച്ചതില്‍ കെ സുധാകരന്‍ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.


ഡി സി സി പ്രസിഡന്റ് പാലോട് രവിയെ മാറ്റണമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സിസി സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടുവെന്നും പറപ്പെടുന്നു. ഭാരത് ജോഡോ യാത്ര ഞായറാഴ്ച കടന്നുപോകുമ്പോള്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ചടങ്ങിനായി എല്ലാവരും എത്തിയതിന് ശേഷം രാഹുല്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വിശ്വാസ്യതയെ നശിപ്പിക്കുന്നതാണെന്നും മഹാമോശമായി പോയെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചിരുന്നു. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ശശി തരൂരും അടക്കമുള്ള നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

Related News