കൊല്ലത്ത് പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം

  • 12/09/2022

കൊല്ലം: കൊല്ലം കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ പൊലീസുകാരന് മര്‍ദ്ദനം. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ല്  തകര്‍ത്തു. കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 

കഴിഞ്ഞ തിങ്കളാഴ്ച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാര്‍ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം. പ്രതിഷേധത്തിനിടെ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിച്ചു. വാക്കിടോക്കിക്കും കേടുപാടുണ്ടായി.

കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘര്‍ഷത്തില്‍ പരിക്കറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് നടപടിക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകര്‍ തടഞ്ഞു വച്ചു. 

അതേസമയം അക്രമത്തില്‍ പങ്കില്ലെന്നാണ് കൊല്ലം ബാര്‍ അസോസിയേഷന്റെ പ്രതികരണം. എന്നാല്‍ അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ കോടതി ബഹിഷ്‌കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. അതേസമയം അഭിഭാഷകനായ ജയകുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Related News