മുന്‍ വനം വകുപ്പ് മന്ത്രി എന്‍.എം ജോസഫ് അന്തരിച്ചു

  • 13/09/2022

കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രൊഫസര്‍ എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍(79) അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വെക്കും. സംസ്‌കാരം ബുധനാഴ്ച രണ്ട് മണിക്ക് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും.

ഭാര്യ: മോളി പ്രവിത്താനം. മക്കള്‍: അനീഷ് ജോസഫ് (ബിസിനസ് - എറണാകുളം), അനിത (അധ്യാപിക എച്ച് എസ് എസ് - കൊഴുവനാല്‍). മരുമക്കള്‍: ലിസ് ജോര്‍ജ് നമ്പ്യാപറമ്പില്‍ അഞ്ചിരി - തൊടുപുഴ (അധ്യാപിക എഞ്ചിനിയറിംഗ് കോളേജ് - ചൂണ്ടച്ചേരി), ജോസ് ജെയിംസ് പറമ്പുംമുറിയില്‍ - കങ്ങഴ (ചാര്‍ട്ടേട് അക്കൗണ്ടന്റ്). കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിസംഘടനയായ കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് വന്നത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു. സംഘടനാ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1977 സംഘടനാ കോണ്‍ഗ്രസ് കൂടി ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1981-83 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. 1984-1988 കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു.1987 നിയമസഭാതിരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിനെതിരെ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്തെത്തിയിരുന്നു. ദീര്‍ഘകാലം പാലാ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related News