ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കുന്നു

  • 13/09/2022

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറുഞ്ഞു പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും. മേയര്‍ ആര്യരാജേന്ദ്രനും സിപിഐഎം ജില്ലാ നേതൃത്വവും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. തൊഴിലാളികള്‍ക്കെതിരായ നടപടി അന്വേഷണത്തിന്റെ ഭാഗം മാത്രമെന്ന് മേയര്‍ പ്രതികരിച്ചു.

തൊഴിലാളികളുടെ വിശദീകരണം കേള്‍ക്കാതെയുള്ള നടപടിക്കെതിരെ ഇടത്‌കേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധിച്ചവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ നഗരസഭ തിരുത്തലിനൊരുങ്ങുന്നത്.

സിപിഎം ജില്ലാ നേതൃത്വവും മേയറും തമ്മിലുള്ള ചര്‍ച്ചയിലാണ് തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ധാരണയായത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല. തൊഴിലാളികള്‍ക്കെതിരായ നടപടി ശിക്ഷയുടെ ഭാഗമല്ലെന്ന് മേയറുടെ പ്രതികരണം. ഉദ്യോഗസ്ഥര്‍ക്കെതിരായ തൊഴിലാളികളുടെ പരാതി ഭരണസമിതി പരിശോധിക്കുമെന്നുമെന്നും മേയര്‍ പറഞ്ഞു. ഓണാഘോഷം മുടക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ ശനിയാഴ്ച്ച ചാല സര്‍ക്കിളില്‍ തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തിലിട്ട് പ്രതിഷേധിച്ചത്. സംഭവത്തില്‍ 7 സ്ഥിരം തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുകയും 4 താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

Related News