കെ.എം ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം

  • 14/09/2022

മലപ്പുറം: എം.എ യൂസഫലിക്കെതിരായ കെ എം ഷാജിയുടെ വിമര്‍ശനത്തിനെതിരെ ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ശക്തമായ പ്രതിഷേധം. യൂസഫലിയെ ഷാജി അപമാനിക്കുകയായിരുന്നുവെന്നാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വിമര്‍ശിച്ചത്. . തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെഎം ഷാജി പൊതുവേദികളില്‍ പ്രസംഗിക്കുന്നത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു.

അതേസമയം, മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കെഎം ഷാജി വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും നേതാക്കള്‍ പിന്നീട് വെളിപ്പെടുത്തി.
പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി. ക്രിയാത്മക വിമര്‍ശനം പാര്‍ട്ടി വേദികളില്‍ മാത്രം മതി. വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം അനുവദിക്കില്ല. ഈ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

ലോക കേരള ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ് എംഎ യൂസഫലി നടത്തിയ അഭിപ്രായ പ്രകടനത്തെ ഷാജി അതിശക്തമായി വിമര്‍ശിച്ചിരുന്നു. . ബിസിനസ് വളര്‍ത്താന്‍ ബിജെപിയെയും സംസ്ഥാന സര്‍ക്കാരിനെയും തൃപ്തിപ്പെടുത്തുന്നയാള്‍ മുസ്ലിം ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം. ഏത് വലിയ സുല്‍ത്താനായാലും ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയുമെന്നും കെ എം ഷാജി പറഞ്ഞിരുന്നു.


പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. യുസഫലി ആദരീണയനായ വ്യക്തിയാണ്. ഷാജി നടത്തിയിരിക്കുന്ന പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

Related News