സ്ത്രീധനത്തില്‍ ബാക്കിയുള്ള രണ്ട് പവൻ സ്വർണത്തെച്ചൊല്ലി പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

  • 14/09/2022

ഇടുക്കി: ഇടുക്കി വളകോട്ടിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു മാസം മുൻപാണ് ഷീജയും ജോബീഷും വിവാഹിതരായത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 
 
ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് വിവാഹ സമയത്ത് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് അമ്മയും സഹോദരിയും പോലീസിന് മൊഴി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബിഷിന്‍റെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരൻ ആരുൺ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്. 

ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. ഷീജ ദിവസങ്ങളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം വീട്ടുകാർക്കൊപ്പം ഏലപ്പാറയിലെത്തിയ ഷീജയെ ജോബിഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തിരുവോണ ദിവസം ഇരുവരും ഹെലിബറിയയിലെ വീട്ടിലെത്തിയ ശേഷം നാലു മണിയോടെ മടങ്ങി.

സംഭവം ദിവസം രാവിലെ തലേദിവസം ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്തുക്കൾ ജോബിഷിനെ വിളിച്ചിരുന്നു. ഇത് അന്വേഷിക്കാൻ പോകാനിറങ്ങിയ ജോബീഷിനെ ഷീജ വിലക്കി. എന്നാല്‍ ഇതനുസരിക്കാതെ പുറത്തു പോയ താൻ തിരികെ എത്തിയപ്പോൾ ഷീജയെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെതെന്നാണ് ജോബീഷ് നേരത്തെ പോലീസിനോട് പറഞ്ഞത്. 
 
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News