കരിപ്പൂരില്‍ 2.5 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ സഹായിച്ച രണ്ട് ഇന്‍ഡിഗോ ജീവനക്കാര്‍ പിടിയില്‍

  • 14/09/2022

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2.5 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണ കടത്തിന് കൂട്ടുനിന്ന ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി.4.9 കിലോ മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം ആണ് പിടിച്ചത്. യാത്രക്കാരന്റെ ബാഗേജില്‍ ആയിരുന്നു സ്വര്‍ണം. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്‍ ബാഗേജ് ഉപേക്ഷിച്ച് മുങ്ങി.


കഴിഞ്ഞ തിങ്കളാഴ്ച ദുബായില്‍ നിന്ന് വന്ന 6 E 89 വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ആണ് സ്വര്‍ണം കണ്ടെത്തിയത്. ബാഗേജ്  കൊണ്ടുവന്ന വയനാട് സ്വദേശി അഷ്‌കര്‍ അലി ഇത് ഉപേക്ഷിച്ചു മുങ്ങി. സ്വര്‍ണം കടത്താന്‍ സഹായിച്ച രണ്ട് ഇന്‍ഡിഗോ വിമാന കമ്പനി ജീവനക്കാര്‍ ആണ് പിടിയിലായത്. മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം തുണിയിലും സോക്സിലും പൊതിഞ്ഞ നിലയില്‍ ആയിരുന്നു.

സംഭവത്തെ പറ്റി കസ്റ്റംസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ ആണ്. വിമാനത്തില്‍ നിന്ന് ലഗ്ഗേജ് കൊണ്ട് വരുന്ന ട്രാക്ടര്‍ ട്രോളിയില്‍ നിന്ന് തന്നെ ഇന്‍ഡിഗോ ജീവനക്കാര്‍ സ്വര്‍ണം അടങ്ങിയ പെട്ടി മാറ്റും. പെട്ടിയില്‍ ആഭ്യന്തര പുറപ്പെടല്‍ ടാഗ് പതിച്ച് കൊണ്ടുവരും. ഇങ്ങനെ കസ്റ്റംസ് പരിശോധനയില്‍ നിന്നും വെട്ടിച്ച് കൊണ്ടുവരുന്ന പെട്ടി പുറത്ത് എത്തിച്ച് കൈമാറും. മുന്‍പ് നിരവധി തവണ ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ കൂട്ട് നിന്നിട്ടുണ്ട് എന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

Related News