ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ ഇന്ന് ആരംഭിക്കും

  • 14/09/2022

ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് നടപടി തുടങ്ങുക. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എത്തി റിസോര്‍ട്ട് ഏറ്റെടുത്തിരുന്നു.


ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സ്ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി വരുന്ന രണ്ടു ഹെക്ടറില്‍ അധികം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

റിസോര്‍ട്ട് പൊളിക്കാന്‍ 2020 ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു റിസോര്‍ട്ട്. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകള്‍ ഉടമകള്‍ തന്നെ വഹിക്കണം.
റിസോര്‍ട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവ് വന്ന് 31 മാസങ്ങള്‍ക്കു ശേഷമാണ് റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചായിരുന്നു റിസോര്‍ട്ട് നിര്‍മിച്ചത്.

Related News