മരണാനന്തര അവയവദാനത്തിലൂടെ അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്

  • 15/09/2022

കൊച്ചി: മരണാനന്തര അവയവദാനത്തിലൂടെ അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്. വിനോദിന്റെയും അമ്ബിളിയുടെയും കൈകളുമായി വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയില്‍ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്ബിളി (39) യുടെ കൈകളാണ് യൂസിഫിന് താങ്ങായെത്തിയത്.

കര്‍ണാടക സ്വദേശിയായ അമരേഷിനും (25), ഇറാഖി പൗരനായ യൂസിഫ് ഹസന്‍ സയീദ് അല്‍ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകള്‍ തുന്നിച്ചേര്‍ത്തത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനിയില്‍ (ജെസ്‌കോം) ജൂനിയര്‍ പവര്‍മാന്‍ ആയ അമരേഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്.

2019 ഏപ്രിലില്‍ നിര്‍മ്മാണ സ്ഥലത്ത് മതില്‍ തുരക്കുന്നതിനിടെയാണ് യൂസിഫിന് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലര്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഇലക്‌ട്രിക് ലൈനില്‍ തട്ടുകയും ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച യൂസിഫിന്റെ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച്‌ മുറിച്ചു മാറ്റേണ്ടതായി വന്നു. രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യൂസിഫിന് ഈ അപകടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടം നടന്ന ആറ് മാസങ്ങള്‍ക്കുശേഷം കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റി അറിയാന്‍ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തി.

2015 ജനുവരിയില്‍ മനു എന്ന 30 വയസ്സുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സര്‍ജറി സംഘമാണ് ഇന്ത്യയില്‍ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയില്‍ ആകെ 11 പേര്‍ക്ക് കൈ മാറ്റിവയ്ക്കല്‍ ശസ്തക്രിയ നടത്തിയിട്ടുണ്ട്.

Related News