ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കാത്തതിന്റെ പേരില്‍ ആക്രമിച്ചതായി കടക്കാരന്റെ പരാതി

  • 15/09/2022

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്ക് പണം സംഭാവന നല്‍കാത്തതിന്റെ പേരില്‍ അക്രമം. കടയില്‍ കയറി കോണ്‍ഗ്രസ് നേതാക്കള്‍ അക്രമിച്ചെന്ന് പരാതി. കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞെന്നാണ് പരാതി.

രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം. ഇന്ന് വൈകിട്ടോടെയാണ് സംഭവം അരങ്ങേറിയത്. രാവിലെയാണ് 2000 രൂപ സംഭാവന രസീത് എഴുതിയത്. അത് പിരിക്കാനായി വൈകിട്ടോടെ എത്തിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തുടര്‍ന്നായിരുന്നു അക്രമം.

അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ 'ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ' അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്.

പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയാണ് യാത്ര നടത്തുക. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

Related News