മരിക്കുന്നതിന് മുമ്പ് ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ്; പ്രവീണയുടേത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം

  • 15/09/2022

വയനാട്: വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന്‍ പ്രവീണിനെ വിളിച്ചറിയിച്ചു. ഇതില്‍ പന്തികേട് തോന്നിയതോടെ പ്രവീണ്‍ അവിടേക്കെത്തുകയായിരുനനു. തന്നെദൂരെനിന്ന് കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടക്കുന്നത്. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) യുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആഴമുള്ള ഭാഗത്ത് ചാടിയ യുവതിയെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് രക്ഷിക്കാനായില്ല.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും കുളത്തിന്റെ ആഴവും അടിത്തട്ടില്‍ കരിങ്കല്ല് നിറഞ്ഞ സാഹചര്യവും കാരണം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പത്തേകാലോടെ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സറേ ടെക്നീഷ്യനായ യുവതി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങിവന്നതാണ്. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.  പ്രവിതയാണ് സഹോദരി.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News