നിയന്ത്രിക്കാനാവാതെ തെരുവുനായ ആക്രമണം; പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനും തെരുവുനായയുടെ കടിയേറ്റു

  • 15/09/2022

പത്തനംതിട്ട: സംസ്ഥാനത്ത് അതിര് വിട്ട് തെരുവുനായ ആക്രമണം. വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനും തെരുവ് നായയുടെ കടിയേറ്റു. ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്. ബുധനാഴ്ച രാത്രി ഇദ്ദേഹം വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോഴാണ് നായ ആക്രമിച്ചത്.

നായയുടെ കടി ഏറ്റതിനെ തുടർന്ന് അദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി ഒമ്പതു മണിയോടെ മേലേവെട്ടിപ്രം പള്ളിക്ക് സമീപം വച്ചാണ് മജിസ്‌ട്രേറ്റിന് കടിയേറ്റത്. വലതു കാലില്‍ രണ്ടിടത്ത് കടിയേറ്റു. തൊട്ടടുത്തു താമസിക്കുന്ന വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം.

കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധ മൂലമുള്ള മരണങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും.

Related News