നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

  • 16/09/2022

തിരുവനന്തപുരം: നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതുകൊണ്ട് തെരുവുനായ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വളര്‍ത്തു നായ്ക്കളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. തെരുവ് നായ്ക്കള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ കുത്തിവയ്പ്പ് നല്‍കും. എന്നാല്‍ പലയിടത്തും വാക്‌സിനേഷര്‍ തുടങ്ങിയിട്ടുണ്ട്. 

തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുന്നത് അവരുടെ കുറ്റം കൊണ്ടല്ല. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് തെരുവ് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണം. ഇറച്ചി മാലിന്യങ്ങള്‍ തള്ളുന്നത് കര്‍ശനമായി തടയാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താനായി മാധ്യമങ്ങളുടെ സഹായം അനിവാര്യമാണ്.

വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് നിര്‍ത്തണം. പേവിഷബാധയേറ്റ് 21 മരണം ഈ വര്‍ഷമുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. 2021, 22 ല്‍ ആന്റി റാബിസ് വാക്‌സിന്റെ ഉപഭോത്തില്‍ 57 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ആന്റി റാബി സ് വാക്‌സിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രമാണ്. ഇതനുസരിച്ചാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് വാങ്ങുന്നത്. സെപ്റ്റംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. 6 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാല് ലക്ഷത്തോളം വാക്‌സിനുകള്‍ ജില്ലകളില്‍ നിന്നും ആവശ്യപ്പെടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related News