പ്രധാനമന്ത്രിയുടെ 72ാം പിറന്നാള്‍ ദിനമായ ഇന്ന് ബി.ജെ.പി സേവാ ദിനമായി ആചരിക്കും

  • 16/09/2022

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനം രാജ്യത്ത് ബി.ജെ.പി സേവാദിനമായി ആചരിക്കും. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. 

മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യും. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓണ്‍ലൈനായി തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്റോകളും അദ്ദേഹത്തിന്റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് ജഴ്‌സികളുമുണ്ട്.

Related News