ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ആദ്യ അവസരത്തില്‍ തന്നെ മെഡല്‍ ഉറപ്പിക്കാനൊരുങ്ങി കേരള സ്‌കേറ്റിങ്ങ് ടീം

  • 16/09/2022

പത്തനംതിട്ട: ആദ്യമായി ദേശിയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ സ്‌കേറ്റിങ് മത്സരത്തില്‍ മെഡല്‍ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീമിന്റെ പരിശീലനം. പത്തനംതിട്ട വാഴമുട്ടം സ്‌പോര്‍ട്‌സ് വില്ലേജിലാണ് കേരളാ സ്‌കേറ്റിങ് ടീമിന്റെ പരിശീലനം നടക്കുന്നത്. സ്‌കേറ്റിങ് മത്സരത്തിലെ ലോക ചാമ്പ്യന്‍ ഉള്‍പ്പെടെ കേരളാ ടീമിന്റെ ഭാഗമാണെന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.


ആത്മവിശ്വാസും, മികച്ച പരിശീലനവുമായാണ് കേരളാ ടീം ദേശിയ ഗെയിംസിലെ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. പത്തനംതിട്ട വാഴമുട്ടത്ത് നടക്കുന്ന ക്യാമ്പില്‍ 20 പേരാണുള്ളത്. ഒരുമാസം കൊണ്ട് സ്‌കേറ്റിങ് താരങ്ങള്‍ തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കി കഴിഞ്ഞു. സ്‌പെയിന്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ കപ്പുയര്‍ത്തിയ അഭിജിത്ത് അമല്‍രാജ് ഉള്‍പ്പെടെ കേരളാ ടീമിലെ താരങ്ങളെല്ലാം ദേശിയ അന്തര്‍ദേശീയ മത്സരങ്ങളിലെ മിന്നും താരങ്ങളാണ്. ദേശിയ ഗെയിംസില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്താന ഒരുങ്ങിക്കഴിഞ്ഞു താരങ്ങള്‍. ഒരുമാസമായി സ്‌കേറ്റിങ് താരങ്ങള്‍ കഠിന പരിശീലനത്തിലാണെന്നും കേരളത്തിന്റെ കുട്ടികള്‍ അഭിമാനമാകുമെന്നും കോച്ച് ബിജു പറഞ്ഞു.

ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ്, സ്ലാലം സ്‌കേറ്റിങ്, ബോര്‍ഡ് സ്‌കേറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് കേരള താരങ്ങള്‍ മത്സരിക്കുക. സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ് ഈ താരങ്ങള്‍ എല്ലാം ദേശിയ ഗെയിംസിനായി തയ്യാറെടുപ്പ് നടത്തുന്നത്. ഈമാസം 26 ന് മത്സരങ്ങള്‍ക്കായി കേരളാ ടീം ഗുജറാത്തിലേക്ക് യാത്രതിരിക്കും.

Related News