കെ.എം ഷാജിക്കെതിരെ കടുത്ത നടപടി വേണമെന്ന് കുഞ്ഞാലിക്കുട്ടി

  • 17/09/2022

മലപ്പുറം: വിദേശത്തെ മീറ്റിംഗുകളില്‍ തന്നെ  വ്യക്തിപരമായി  വിമര്‍ശിച്ചു  പ്രസംഗിച്ച കെ എം ഷാജിക്കെതിരെ കടുത്ത നടപടി വേണമെന്ന് പി കെ  കുഞ്ഞാലിക്കുട്ടി ശക്തമായി ആവശ്യപ്പെട്ടിരിക്കെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തി. നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്.

രാഷ്ട്രീയ വിഷയങ്ങളൊന്നും  ചര്‍ച്ചയായില്ലന്ന് പറയുമ്പോഴും കെ എം ഷാജി  നടത്തിയ കുഞ്ഞാലിക്കുട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ ലീഗില്‍ വലിയ വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്.   വിദേശത്ത് നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ഷാജിയുമായി സംസാരിക്കുമെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.   വിദേശ യാത്ര കഴിഞ്ഞു ഷാജി ഇന്നലെയാണ് മടങ്ങിയെത്തിയത്. മുസ്ലീം ലീഗില്‍, കെ എം ഷാജിയുടെ പരാമര്‍ശങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ്, ഷാജിക്ക് പിന്തുണയുമായി എം കെ മുനീര്‍ രംഗത്തെത്തി.  ഷാജി കാര്യങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ വിശദീകരിക്കുമെന്നാണ് മുനീര്‍ പറഞ്ഞത്

പരസ്യ പ്രതികരണത്തിന്റെ പേരില്‍ കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നീക്കത്തോടുള്ള നീരസം പ്രകടമാക്കുന്നതായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. യൂത്ത് ലീഗ് പരിപാടിക്കിടെ കെ എം ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെയും മുനീര്‍ പ്രതികരിച്ചു.  ലീഗ് ഒരു വടവൃക്ഷമാണെന്നും അതിന്റെ കൊമ്പൊടിഞ്ഞാല്‍ അതില്‍ ഇരിക്കുന്നവര്‍ വീഴുമെന്നല്ലാതെ  ലീഗിന് ഒന്നും   സംഭവിക്കില്ലന്നുമാണ്  പി കെ ഫിറോസ് പറഞ്ഞത് . ഇതിനെതിരെയും മുനീര്‍ രംഗത്തെത്തിയിരുന്നു.


ഇതിനിടയില്‍ കണ്ണൂരില്‍ ലീഗിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കൂത്തുപറമ്പ്  മണ്ഡലത്തില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കളാണ്  രാജിവച്ചത് . കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാത്ഥികൂടിയായിരുന്ന പൊട്ടന്‍കണ്ടി അബ്ദുള്ളയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.  വിമത പ്രവര്‍ത്തനത്തിന്  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.

Related News