ഐ ഫോൺ ആഡംബരമല്ല, ആവേശമാണ്; ഐ ഫോൺ സ്വന്തമാക്കാൻ മാത്രം ഇത്തവണയും ദുബായിലേക്ക് പറന്ന് ധീരജ്

  • 17/09/2022

ഇത്തവണയും പതിവ് തെറ്റിക്കാതെ ഐ ഫോൺ സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിനോടുള്ള ഇഷ്ടം കാരണം എപ്പോൾ ഐഫോൺ ഇറങ്ങിയാലും ആദ്യം അത് സ്വന്തമാക്കണമെന്ന വാശിയാണ് ധീരജിന്‌. ഐഫോൺ 6 ഇറങ്ങിയപ്പോൾ മുതൽ കേരളത്തിൽ നിന്ന് ദുബായിൽ പോയി ആദ്യ ഐഫോൺ മോഡൽ തന്നെ ധീരജ് സ്വന്തമാക്കും.

ഐഫോൺ 6 പ്ലസ് മുതലാണ് ധീരജ് ഐഫോൺ ഉപയോഗിച്ച് തുടങ്ങിയത്. അതിൽ പിന്നെ ആപ്പിളിന്റേതല്ലാത്ത ഒരു ഫോണും ധീരജ് ഉപയോഗിച്ചിട്ടില്ല. അന്ന് മുതൽ എല്ലാ തവണയും ഐഫോൺ വാങ്ങാൻ ധീരജ് ദുബായിലെത്തും. ‘ആൻഡ്രോയ്ഡ് ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ സുരക്ഷ കണക്കിലെടുത്താൽ ഐഫോൺ തന്നെയാണ് നല്ലത്. ഒരു തവണ ഐഫോൺ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും ആൻഡ്രോയിഡിലേക്ക് ആരും മടങ്ങി പോകില്ല. നമ്മൾ റീബോക്കിന്റെ ഒരു ഷൂ വാങ്ങണമെന്ന് ഒരാളോട് പറഞ്ഞാൽ മതി അടുത്ത ദിവസം തൊട്ട് ആൻഡ്രോയ്ഡ് ഫോണിൽ ഫേസ്ബുക്ക് തുറന്നാൽ ഷൂവിന്റെ പരസ്യങ്ങളാകും. അത്രമാത്രം നമ്മുടെ വിവരങ്ങൾ ഇവർ ചോർത്തുന്നുണ്ട്. പക്ഷേ ആപ്പിൾ അങ്ങനെയല്ല’ എന്നാണ് ധീരജിന്റെ അഭിപ്രായം.

ആപ്പിൾ ഉത്പന്നങ്ങൾ മാത്രമല്ല ധീരജിന്റെ ഇഷ്ട ബ്രാൻഡ്. ക്യാമറയും ധീരജിന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. തൃശൂർ അരിമ്പൂർ സ്വദേശിയായ ധീരജ് ഛായാഗ്രഹകനാണ്. ഡേർ പിക്‌ചേഴ്‌സ് എന്ന സിനിമാറ്റോഗ്രഫി സ്ഥാപന ഉടമ കൂടിയായ ധീരജിന് വിവിധ തരം ക്യാമറകളുടെ കളക്ഷനുമുണ്ട്. ഹോളിവുഡിൽ നിന്നും റെഡ് ഡിജിറ്റൽ സിനിമ എന്ന കമ്പനി അവരുടെ ഇറങ്ങാത്ത സ്‌പെഷ്യൽ എഡീഷൻ ക്യാമറകൾ അയച്ച് നൽകാറുണ്ട്.

Related News